flashnews

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ മാങ്ങാട് പട്ടണത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്ക് സ്വാഗതം

കുമാര്‍ വർഷയുടെ കവിതകള്‍

ഇത് കുമാര്‍ എന്ന കുമാര്‍ വര്‍ഷ
നമ്മുടെ പ്രി-പ്രൈമറി വിദ്യാര്‍ത്ഥിനി ഇഷാനിയുടെ അച്ഛന്‍
കുമാറിന്റെ കവിതകള്‍ ഞങ്ങള്‍ അഭിമാനത്തോടെ സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു
ഈ കുഞ്ഞു കുഞ്ഞു കവിതകള്‍ നിങ്ങളെ ഇരുത്തി ചിന്തിപ്പിക്കും


ഞാന്‍.......
----------------
ഒരു
കവിത വന്ന് എന്നെ
ആകാശത്ത്
എഴുതി വയ്ക്കുവോളം.,
മൗനത്തിൻറെ
മുലക്കണ്ണുകളിൽ
കല്ലിച്ചു പോയ
അക്ഷരങ്ങളിലെ
വറ്റാത്ത
മഷിത്തുള്ളിയായിരുന്നു
ഞാന്‍..........
കാറ്റു വന്നെന്നെ
ശ്വസിക്കുവോളം.,
കണ്ണീരിൽ നിന്നും
വിഘടിക്കുവാനാവാത്തൊരു
ഓർമ്മയുടെ
ഓക്സിജന്‍ കണമായിരുന്നു
ഞാന്‍................
തീനാളങ്ങൾ വന്നെന്നെ
കായുവോളം.,
മറവിയുടെ
ചാരം മൂടിയൊരു
സ്വപ്നത്തിൻറെ
കനല്‍ തുണ്ടായിരുന്നു
ഞാന്‍................. 
മഴ വന്നെന്നെ
നനയുവോളം.,
ദുരിത വെയിൽനാമ്പിൽ
ആവിയായിപ്പോയൊരു
ജീവചരിത്രത്തിൻറെ
മാഞ്ഞു പോകാത്ത
മേഘ ലിഖിതമായിരുന്നു
ഞാന്‍...........
മണ്ണു വന്നെന്നെ
കുഴിച്ചെടുക്കുവോളം.,
പട്ടിണിയുടെ
ഗർഭപാത്രത്തിലെ
വിശപ്പിൻറെ
വിത്തായിരുന്നു ഞാന്‍...
ആകാശവുമഗ്നിയും
വായുവും ജലവും മണ്ണും
ചേര്‍ന്ന ശരീരമായെന്നെ
ഭൂമിയില്‍ സൃഷ്ടിക്കുവോളം.,
സമരഭൂമികളിൽ പതിഞ്ഞിട്ടും
ചരിത്രങ്ങൾക്കു
ദൃശ്യപ്പെടാത്ത
പിതൃക്കളുടെ കാല്പാടിലെ
വേഗത നിലയ്ക്കാത്ത
കുതിപ്പായിരുന്നു ഞാന്‍...
പുറമ്പോക്കുകളുടെ
പ്രാന്തങ്ങളിലെവിടെയോ
നിശ്ചലമാക്കപ്പെട്ടൊരാ
കാല്പാടുകളുടെ
തുടർച്ച മാത്രമാകുന്നു
എന്റെ യാത്രകൾ...........
ജീവകവും മൗനവും
സ്വപ്നങ്ങളും ഓർമ്മകളും
വിശപ്പും ചേര്‍ന്ന
ആത്മാവായെന്നെ
ശരീരത്തിലേക്കു
പകർത്തുവോളം.,
ചരിത്രത്തിന്റെ
ഇടതു മാറിൽ നിന്നും
മുറിച്ചു മാറ്റിയ
ഒറ്റമുലയിൽ നിന്നിറ്റു വീണ
മാതൃത്വത്തിന്റെ
ചോരത്തുള്ളികളിലെ
ആറാത്ത
ചൂടായിരുന്നു ഞാന്‍......
ചേമ്പിൻ താളിൽ
പൊതിഞ്ഞു നീട്ടിയ
മാനത്തിൻറെ
കറുത്തു കട്ട പിടിച്ച
ചോര തന്നെയാകുന്നു
ഇന്നുമെന്റെ
കവിതകള്‍ക്കു മഷി.....
        - കുമാര്‍ വർഷ

1 comment:

  1. ലളിതം...സൂക്ഷ്മം.. ആഴം.. വ്യത്യസ്തം..congrts

    ReplyDelete